03:53am 22 October 2026
NEWS
ആതിഥ്യത്തിന്റെ രാജകീയ ശോഭയിൽ ഇമ്മാനുവൽ മാക്രോൺ: ഖത്തറുമായുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്
21/10/2026  01:13 PM IST
nila
ആതിഥ്യത്തിന്റെ രാജകീയ ശോഭയിൽ ഇമ്മാനുവൽ മാക്രോൺ: ഖത്തറുമായുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്

 


ദോഹ: സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തറിന്റെ മണ്ണിലേക്ക്. പാരമ്പര്യത്തിന്റെ പ്രൗഢിയിൽ ഹൃദ്യമായ സ്വീകരണമാണ് ഫ്രഞ്ച് രാഷ്ട്രത്തലവന് ഖത്തർ നൽകിയത്. ലുസൈൽ കൊട്ടാരത്തിന്റെ മുറ്റത്ത് മുഴങ്ങിയ 21 ആചാരവെടികളും, പരമ്പരാഗത 'അർദ' നൃത്തച്ചുവടുകളും,കുതിര-ഒട്ടക സേനകളുടെ അകമ്പടിയോടു കൂടിയുള്ള സ്വീകരണം 
 കൂടുതൽ രാജകീയമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സംഘത്തിനും ബഹുമാനാർത്ഥം ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ലുസൈൽ കൊട്ടാരത്തിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും വിവിധ മേഖലകളിലെ പരസ്പര സഹകരണത്തെയും പ്രശംസിച്ചുകൊണ്ട് അമീർ ചടങ്ങിൽ സംസാരിച്ചു.  
​സന്ദർശനത്തിലുടനീളം പ്രതിഫലിച്ച പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും തൃപ്തി രേഖപ്പെടുത്തിയ അമീർ, പരസ്പര ബഹുമാനത്തിലും പങ്കുവെക്കപ്പെട്ട മൂല്യങ്ങളിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പുനൽകി. മേഖലയിലെ സുസ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഈ സഹകരണം നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
​തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും അമീറിന് നന്ദി അറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇരുരാജ്യങ്ങളും തമ്മിലുള്ള കാഴ്ചപ്പാടുകളിലെ സാമ്യത്തെയും പരസ്പര ബന്ധത്തിലെ ഊർജ്ജസ്വലതയെയും പ്രശംസിച്ചു. സാങ്കേതികവിദ്യ, ഊർജ്ജം, വ്യവസായം തുടങ്ങിയ മേഖലകളിലെ പരസ്പര നിക്ഷേപങ്ങളും സാമ്പത്തിക പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഭാവി മേഖലകളിൽ നിക്ഷേപം പിന്തുണയ്ക്കുന്നതിനായുള്ള വികസന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.  
​അമീറിന്റെ പത്നി ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിം, മറ്റ് പ്രമുഖ ഷെയ്ഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിൽ ലുസൈൽ കൊട്ടാരത്തിൽ നടന്ന ഹൃദ്യമായ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിലെ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ദീപ്തി പകർന്നു. സാമ്പത്തികവും സുരക്ഷാപരവുമായ പരസ്പര സഹകരണത്തിന്റെ കൈത്തിരികൾ കൂടുതൽ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇരുരാജ്യങ്ങളുടെയും സൗഹൃദം പുതിയൊരു ഉന്നതിയിലേക്ക് ഉയരുകയാണ്. ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടുന്ന ഈ സന്ദർശനം, ഖത്തർ-ഫ്രഞ്ച് ബന്ധത്തിന് അനശ്വരമായൊരു ദിശാബോധം നൽകുന്നു.  
ഖത്തറും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തമാക്കും.ഖത്തർ വിഷൻ 2030-ന്റെയും വിദ്യാഭ്യാസ തന്ത്രമായ 2025-2030-ന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, മാനവ വിഭവശേഷി വികസനത്തിനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമായി ഇരു രാജ്യങ്ങളും നിരന്തരമായ ചർച്ചകളിലൂടെ സഹകരണം വ്യാപിപ്പിച്ചു വരുന്നു.ഫ്രഞ്ച് കരിക്കുലം (പഠനരീതി) നടപ്പിലാക്കുന്ന സ്ഥാപനങ്ങളിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് കിന്റർഗാർട്ടനുകളും സ്കൂളുകളും ഉൾപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം നേടുന്നുണ്ട്. കൂടാതെ, ഫ്രഞ്ച് ഭാഷാ പഠനവും വിദ്യാഭ്യാസ രംഗത്തെ നവീന മാതൃകകളും പരിചയപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത വിവിധ സന്ദർശനങ്ങളും യോഗങ്ങളും നടന്നിട്ടുണ്ട്. ഫ്രാൻസിലെ വിദ്യാഭ്യാസ ഭരണസംവിധാനങ്ങൾ, അദ്ധ്യാപക പരിശീലനം, മൂല്യനിർണ്ണയ രീതികൾ എന്നിവ മനസ്സിലാക്കുന്നതിനും ഈ സന്ദർശനങ്ങൾ സഹായകരമായി. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ ഉന്നതക്ഷമത ഉറപ്പുവരുത്തുന്നതിനും ഉഭയകക്ഷി സഹകരണം കൂടുതൽ ഊർജ്ജസ്വലമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img